Monday, March 4, 2013

ഋതുഭേദം

സയറെണ്‍ മുഴങ്ങി പത്ത് മിനിറ്റിനുളളില്‍ ഓഫീസുകള്‍ ഒഴിഞ്ഞു . കരാര്‍ തൊഴിലാളികള്‍ക്കിടയിലൂടെ വേഗം പുറത്തേക്ക് ഇറങ്ങി ക്വാര്‍ട്ടേഴ്സില്‍ എത്തി .

അപ്രതീക്ഷിതമായാണ് പതിനഞ്ച് ദിവസത്തെ ലീവ് സാങ്ഷന്‍ ആയത് . ഉടന്‍ നാട്ടിലേക്ക് , ഒരു ടിക്കറ്റ് തരപ്പെടുത്താന്‍ സുഹൃത്തിനെ ചട്ടംകെട്ടി .

ഓഫീസ് സമയം കഴിയും വരെ കഴിച്ച് കൂട്ടിയത് വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് . രണ്ടര വര്‍ഷം ആകുന്നു നാഗ്പ്പൂരില്‍ എത്തിയിട്ട് . ആദ്യത്തെ അവധി ആണ് .

സഹമുറിയന്‍ കൊല്‍ക്കത്തക്കാരന്‍ ഹബീബിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞ് കുറച്ച് പണം കടം ചോദിച്ചു . രണ്ട് മണിക്കൂറിനുളളില്‍ എത്താമെന്ന് അവന്‍ ഉറപ്പ് തന്നു .

ഒരു ഓട്ടൊ വിളിച്ച് നഗരത്തില്‍ എത്തി ആദ്യം കണ്ട ടെക്സ്റ്റയില്‍സില്‍ കയറി .
മോളിപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ് . അവളുടെ പ്രായവും ഏകദേശ രൂപവും പറഞ്ഞ് കൊടുത്തു . സറാറയും , ഗാഗ്രാ ചോളിയും , മിഡിയും ടോപ്പും , രണ്ട് ചുരിദാറിനുളള മെറ്റീരിയലും വാങ്ങി . അണ്ടെര്‍ ഗാര്‍മെന്‍റ് വേണ്ടെ എന്ന ചോദ്യത്തിന് വേണ്ട എന്ന് വിലക്കി .
അതൊക്കെ ശ്രീമതിയുടെ ഡിപ്പാര്‍ട്ട്മെന്‍റാണ് .

നാട്ടിലെ പിള്ളേച്ചന്‍റെ ജൌളിക്കടയാണ് അവള്‍ക്ക് പഥ്യം . സാരിയും ബ്ലൌസ്സും മറ്റും അവിടുന്നാണ് വാങ്ങുന്നത് ഒപ്പം മോളുടെ അടിവസ്ത്രങ്ങളും .

പലഹാരങ്ങളുടെ ബാസാറില്‍ ചുറ്റി തിരിഞ്ഞു .
ലക്ഷ്മി നാരായണ ചിവിഡയും പാല്‍ പേഡയും ശ്രീകണ്ഠും മറ്റും വാങ്ങി .

നാഗപ്പൂര്‍ ഓറഞ്ച് നന്നായി പഴുക്കാത്തത് തിരിഞ്ഞ് അഞ്ച് കിലൊ വാങ്ങി .
നാസിക്ക് മുന്തിരി കൊണ്ട് ഉണ്ടാക്കിയ വൈന്‍ നാല് കുപ്പികള്‍ വാങ്ങി .

തിരികെ ക്വാര്‍ട്ടേഴ്സില്‍ എത്തുമ്പോള്‍ ഫാക്കരിയില്‍ നിന്ന് സഹമുറിയന്‍ എത്തിയിരുന്നു .
കുറച്ച് പണം എടുത്ത് അവന്‍ പോക്കറ്റില്‍ വെച്ച് തന്നു .

റെയില്‍വെ സ്റ്റേഷനില്‍ കണ്‍ഫെം ടിക്കറ്റുമായി ബാദുര്‍ കാത്ത് നില്പുണ്ടായിരുന്നു . സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് രണ്ടാം ക്ലാസ്സ് കൂപ്പയില്‍ കയറി ഇരുന്നു . ഓര്‍മ്മകളിലൂടെ തീവണ്ടിയുടെ കിതപ്പ് .

ഏതൊ സ്റ്റേഷനില്‍ വണ്ടി നിന്നപ്പോള്‍ ഓര്‍മ്മകളുടെ ചരട് മുറിഞ്ഞു . പാന്‍ട്രിയിലേക്ക് ആട്ടയും ദാലും സവാളയും സോയാബീന്‍ എണ്ണയും ബട്ടര്‍മില്‍ക്കും കയറ്റപ്പെട്ടു . വണ്ടി ചലിച്ച് തുടങ്ങിയപ്പോള്‍ ഓര്‍മ്മകളുടെ ചക്രങ്ങള്‍ വീണ്ടും ഉരുണ്ടു .

നാട്ടിലെ ചെറിയ സ്റ്റേഷെന്‍ കഴിഞ്ഞുളള വലിയ സ്റ്റേഷെനില്‍ ട്രയിന്‍ നിന്നു .

അപ്രതീക്ഷിതമായി തന്നെ കണ്ടപ്പോള്‍ ശ്രീമതി ഒന്ന് പകച്ചു .
സാരിയുടെ കോന്തല ഉയര്‍ത്തി കണ്ണ് ഒപ്പുകയാണ് ആദ്യം അവള്‍ ചെയ്തത് .

വേഗം രണ്ട് മൂന്ന് തരം കറികള്‍ ഉണ്ടാക്കി ചോറ് വിളമ്പി .
ആര്‍ത്തിയോടെ അതൊക്കെ കഴിച്ചു .

ബാഗുകള്‍ തുറക്കവെ കൌതുക പൂര്‍വ്വം അടുത്ത് വന്ന അവളെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു .
വൈന്‍ കുപ്പികള്‍ കണ്ട് അവള്‍ കണ്ണിറുക്കി ചിരിച്ചു .
നാഗപ്പൂര്‍ ഓറഞ്ച് അല്ലി അടര്‍ത്തി അവളുടെ വായില്‍ വെച്ച് കൊടുത്ത് ആ മുഖത്ത് നോക്കി ഇരുന്നു .

മോള്‍ സ്കൂളില്‍ നിന്ന് വരുന്നത് ദൂരെ വെച്ചേ കണ്ടു .
തന്‍റെ മോള്‍ വലിയ കുട്ടി ആയിരിക്കുന്നു . പഠിപ്പിന്‍റെ ക്ഷീണം ആകും മുഖത്ത് .

അടുത്തെത്തിയപ്പോഴാണ് അവളച്ഛനെ കണ്ടത് . ശ്രീമതി ഗാഗ്രാ ചോളി എടുത്ത് കൈയ്യില്‍ തന്നു . അറച്ച് നിന്ന അവള്‍ക്ക് നേരെ അത് നീട്ടി . അവളത് വാങ്ങി തിരിച്ചും മറിച്ചും നോക്കി .

വാത്സല്യത്തോടെ മകളെ ചേര്‍ത്ത് പിടിച്ച് മൂര്‍ദ്ധാവില്‍ ഉമ്മവെക്കാന്‍ തുനിയവെ അവള്‍ കുതറി മാറി പുറത്തേക്ക് ഓടി . ഓട്ടത്തിനിടയില്‍ അവള്‍ ഉറക്കെ വിളിച്ച് പറഞ്ഞ് കരയുന്നുണ്ടായിരുന്നു .

" അയ്യൊ അച്ഛന്‍ എന്നെ പീഡിപ്പിക്കാന്‍ വരുന്നേ ... "

1 comment:

  1. അയ്യോ....!!
    ഇനിയിപ്പോ എന്തുചെയ്യും?

    ReplyDelete