Thursday, January 17, 2013

മലകയറ്റം

അയാള്‍ മല കയറാന്‍ തീരുമാനിച്ചു.

ഒപ്പം ഒരു പെണ്‍കൂട്ട് ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് ഉപദേശിച്ചത് മനു ആണ് .

മനു വളരെ കണ്‍വെന്‍ഷണല്‍ ആണെന്നാണ് പറയപ്പെടുന്നത് . സ്ത്രീയുടെ എല്ലാ അവസ്ഥകളിലും പുരുഷന്‍ അവളെ സംരക്ഷിച്ചിരിക് കണമെന്ന് അവന്‍ നിഷ്ക്കര്‍ഷിച്ച പ്പോള്‍ പുരുഷാധിപത്യം എന്ന് അവന്‍റെ സുഹൃത്തുക്കള്‍ തന്നെ തളളി പറഞ്ഞു .

മല കയറാന്‍ പ്രത്യേക തയ്യാറെടുപ്പ് ഒന്നും വേണ്ട.
അല്ലെങ്കില്‍ തന്നെ മുന്‍കരുതല്‍ എടുപ്പിക്കാനും സദുപദേശം തരാനും കയറിപ്പോയ ആരും തന്നെ തിരികെ വന്നിട്ടില്ല താനും .

മെലിഞ്ഞ് പൊക്കം കൂടിയ ഒരുവളെ ഒപ്പം കൂട്ടി . 
അവളുടെ നാവ് കുറുകിയത് ആയിരുന്നു .
അവള്‍ താളത്തില്‍ കിതച്ച് കൊണ്ട് അയാള്‍ക്കൊപ്പം മല ചവുട്ടി .
കിതപ്പിന്‍റെ ഇടവേളകളില്‍ അവള്‍ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പറഞ്ഞു .

വഴിയില്‍ വിശപ്പകറ്റാന്‍ ജ്ഞാനപ്പാനയും നിത്യാരാധന പുസ്തകവും അയാള്‍ കരുതിയിരുന്നു.

ചവുട്ടി കയറിയ വഴികളിലെങ്ങും വിലക്കപ്പെട്ട കനികള്‍ ഏതും കണ്ടില്ല . അതിനാല്‍ അവര്‍ നിത്യാരാധന പുസ്തകം നോക്കി ചില വിലക്കുകള്‍ സ്വയം ഏര്‍പ്പെടുത്തി .

കാലുകള്‍ തളരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുട്ടിക്കാലത്ത് അര്‍ത്ഥമറിയാതെ ഉരുവിട്ട സന്ധ്യാ നാമത്തിന്‍റെ കരുത്തില്‍ തളര്‍ച്ച അറിഞ്ഞില്ല .

വഴിയാത്രയില്‍ അവളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു . അവള്‍ ചിരിച്ചില്ല , ഗൌരവം നടിക്കുകയും ചെയ്തു .

മനു പറഞ്ഞതില്‍ എന്തോ കാര്യമുണ്ട് .

ജ്ഞാനപ്പാന അഴിച്ച് രണ്ടായി പകുത്ത് ഒരു പകര്‍ച്ച അവള്‍ക്ക്നല്‍കി . അവളത് ആര്‍ത്തിയോടെ ഭക്ഷിച്ചു .

മനുവിന് വെറുതെ തോന്നിയതാവും .

വിശപ്പകന്നപ്പോള്‍ അവള്‍ നെടുനിശ്വാസം വിട്ടു . ഇനി അവള്‍വേഗം നടക്കും എന്നയാള്‍ കരുതിയപ്പോള്‍ അവള്‍ കൂടുതല്‍ അലസയായി .

മനു തീരെ വിഡ്ഡിയല്ല .

മല മുകളില്‍ നിന്ന് തടിച്ച് കൊഴുത്ത കാട്ട് പശുക്കള്‍ അമറലോടെ അവര്‍ക്ക് നേരെ പാഞ്ഞടുത്തു വന്നു . അയാള്‍ അവളെചേര്‍ത്ത് പിടിച്ച് വേഗം ഒരു വശത്തേക്ക് മാറി നിന്നു .
ലക്ഷ്യം തെറ്റിയ കാട്ട് പശുക്കള്‍ നില തെറ്റി താഴേക്ക് മലക്കം മറിഞ്ഞു .

അവളില്‍ ലജ്ജ കാണായി .
ഒരു സ്ത്രീക്ക് ഏറ്റവും അവശ്യവും അത്യാവശ്യവും ഉണ്ടായിരിക്കേണ്ട ഗുണമാണ് ലജ്ജ.
അത് നഷ്ടപ്പെടുന്നിടത്ത്ന്ന് അവളിലെ സ്ത്രീ ചൈതന്യം ചോര്‍ന്ന് തുടങ്ങും .

മല കയറ്റത്തിനിടെ പിന്നെയും തുടരെ ആപത്തുകള്‍ അവര്‍ക്ക് നേരെ വന്ന് കൊണ്ടിരുന്നു . ഒന്നൊന്നായി അവയെല്ലാം അയാള്‍ തരണം ചെയ്ത് കൊണ്ടിരുന്നു .
അവളെ ത്രാണം ചെയ്ത് പോന്നു .

അപ്പോഴൊക്കെയും അവള്‍ ലജ്ജിച്ചു.

ജ്ഞാനപ്പാനയും നിത്യാരാധന പുസ്തകവും തീരാറായി .

മുകളില്‍ നോക്കെത്താ ദൂരത്തോളം മല പിന്നെയും വളര്‍ന്ന് നില്ക്കുന്നു .
താഴെ തങ്ങള്‍ കയറി തുടങ്ങിയിടം ഇരുട്ടില്‍ മാഞ്ഞ് പോയിരിക്കുന്നു .

തങ്ങളുടെ പാദ പതനമേറ്റ പാറക്കെട്ടുകള്‍ ശാപ മോക്ഷം കിട്ടി തുടര്‍ന്ന് വരുന്നവര്‍ക്കായി പ്രതലം വഴുക്കനാക്കി കാത്ത് കിടന്നു .

തണുത്ത മലങ്കാറ്റ് തഴുകി പോയപ്പോള്‍ അവളില്‍ നിരാശാ ശൈത്യം പടര്‍ന്നു . 
കരിങ്കല്‍ പൊടി അടിച്ച് അവളുടെ മുഖം കറുത്തു .

മനു ബുദ്ധിമാനാണ് . മലകയറ്റത്തിന്‍റെ ദൈര്‍ഘ്യം അവന്‍ എവിടെയും പറഞ്ഞ് വെച്ചിട്ടില്ല .

അവര്‍ നടത്തം തുടരവെ പെട്ടന്ന് മലയുളള ഒരു വിളളലില്‍ അയാളുടെ കാല് കുടുങ്ങി .
അയാള്‍ ഞരങ്ങി .
സഹായത്തിനായി കൈ നീട്ടി നോക്കുമ്പോള്‍ അവിടെയെങ്ങും അവളെ കണ്ടില്ല .

മനു ചതിച്ചു .

അയാള്‍ പറഞ്ഞൊപ്പിച്ചു .

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. മനോഹരം ..ആശംസകള്‍

    ReplyDelete
  3. ജീവിത മലകയറ്റം അത് കൊള്ളാട്ടോ ... ഒരു കവിത പോലെ ഉണ്ട് .
    ജീവിതം മുഴുവന്‍ ആണിനു കൂട്ടായി തുണയായി കൂടെ നടക്കുന്ന സ്ത്രീ ജനങ്ങള്‍ വായിച്ചാല്‍ ... :) !!!

    ReplyDelete
  4. ബൂലോകത്തേയ്ക്ക് സ്വാഗതം.

    നന്നായെഴുതി

    ReplyDelete
  5. ആദ്യം പര്‍വതമാണ് വായിച്ചത്
    ഇതും നന്നായിട്ടുണ്ട്

    നന്നായി എഴുതുന്നുണ്ട്.

    ReplyDelete