Saturday, January 19, 2013

## വല ##

ആരാം മോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ റോഡില്‍ വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടി ചെന്നു . നടുറോഡിലൂടെ ഞരങ്ങി ഉരുളുന്ന ഒരു മധ്യവയസ്ക്കന്‍ . റോഡിന്‍റെ ഒരു സൈഡിലേക്ക് വെട്ടിച്ച് നിര്‍ത്തിയ വാഹനം വേഗം പിന്നോട്ട് എടുത്ത് റോഡില്‍ കയറി മുന്നോട്ട് കുതിച്ചു . അത് മറ്റ് വാഹനങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി . ഓടി മധ്യവയസ്ക്കന്‍റെ അടുത്തെത്തി . അയാളില്‍ നിന്ന് ചുടുചോര ടാര്‍ റോഡിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു . ഇടതു കാലിന്‍റെ തുടയിലൂടെയാണ് ആ വാഹനം പാഞ്ഞ് കയറിയത് .
 
 അന്ധ്വാളിപ്പ് മാറിയപ്പോള്‍ ചുറ്റും നോക്കി . വൈകുന്നേരം ആയതിനാല്‍ വാഹനങ്ങളുടെ കടുത്ത തിരക്ക് . നടുറോഡില്‍ വീണ് കിടക്കുന്ന മധ്യവയസ്ക്കന്‍റെ ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്നു . ആരും നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല . ചിലര്‍ വാഹനം കുറച്ച് നേരത്തേക്ക് നിര്‍ത്തി ചോരയൊഴുക്കും പിടച്ചിലും ഒന്ന് എത്തി നോക്കിയിട്ട് വേഗം വണ്ടിയോടിച്ച് പോയി . ഒരു കാറില്‍ ആരൊ മൈബൈല്‍ എടുത്ത് ഡയല്‍ ചെയ്യുന്നത് കണ്ടു . കണ്‍ട്രോള്‍ റൂമിലേക്കാവും . അത് വഴി പോയ സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരി ചോരക്കാഴ്ചയില്‍ ബോധം മറിയുന്നതും കാണേണ്ടി വന്നു . 
 
സഹജീവികളോട് കനിവിനായ് കേഴുന്ന ഒരു മനുഷ്യന്‍ . ഇയാള്‍ക്ക് ഒരു കുടുംബം ഉണ്ടാവില്ലെ . കാത്തിരിക്കുന്ന വയറുകള്‍ ഉണ്ടാവില്ലേ . വിവാഹ പ്രായമെത്തിയ ഒരു പെണ്‍മകള്‍ ഉണ്ടായിരിക്കുമൊ ഇദ്ദേഹത്തിന് , രോഗിണിയായ ഭാര്യ അതൊ ഒരു കൂട്ടുകുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും ഇദ്ദേഹത്തിന്‍റെ ചുമലില്‍ ആയിരിക്കുമോ . ലേറ്റ് മാരീഡ് ആണെങ്കില്‍ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ , അവരേം കൊണ്ട് ആ സ്ത്രീ എന്ത് ചെയ്യും . 
 
 
 
ഈ ജീവന്‍ ഇവിടെ പൊലിഞ്ഞാല്‍ വിധിയുടെ പെരുങ്കളിയാട്ടത്തില്‍ എത്ര ജീവിതങ്ങള്‍ ആവും ചോദ്യ ചിഹ്നമാകുക . ദുരന്തങ്ങളുടെ കണക്കെടുപ്പിനുളള നേരമല്ലിത് . ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ . തുടയെല്ല് പൊട്ടി മജ്ജ പുറത്ത് വന്ന് രക്തത്തിലൂടെ ഹൃദയത്തിലേക്ക് പോകുന്നുണ്ടാവും . ബോണ്‍മാരൊ , ഫാറ്റ് എമ്പോളിസം എന്നൊക്കെ ഡോക്ടര്‍മാര്‍ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കും . തലയുടെ പിന്‍ഭാഗം ഇടിച്ചാണ് വീണത് . ഏതൊക്കെയോ വെയിനുകള്‍ക്ക് ക്ഷതം ഏറ്റിരിക്കാം . ജീവിതത്തിനും മരണത്തിനും ഇടയിലുളള നൂല്‍പാലത്തിലൂടെ ഒരു ഭൂമിയുടെ അവകാശി . മരണത്തിലേക്ക് മറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം .
 
 ഇനി പാഴാക്കാന്‍ സെക്കന്‍റുകള്‍ പോലും ഇല്ല . വേഗം പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുത്തു . ഒരു ആംഗിള്‍ നോക്കി തൃപ്തി വന്നില്ല . വേഗം റോഡിന്‍റെ മറ്റൊരു ഭാഗത്ത് മുട്ടു കുത്തി നിന്ന് മൊബൈല്‍ കാമറ ഫോക്കസ് ചെയ്തു . ഫ്രയിമിലേക്ക് സഹായത്തിനായി നീളുന്ന കൈ , രക്തം പരന്നൊഴുകുന്ന റോഡ് , കാലിലെ കുറച്ച് മാംസം റോഡില്‍ അരഞ്ഞ് ചേര്‍ന്നിരിക്കുന്നു . ബിഗ് ഷോപ്പറില്‍ നിന്ന് തെറിച്ച് വീണ് കിടക്കുന്ന പലവ്യഞ്ജന പേക്കറ്റുകള്‍ . ഒരു വശത്ത് അത് ശ്രദ്ധിക്കാതെ കടന്ന് പോകുന്ന വാഹനങ്ങള്‍ . മറുവശത്ത് റോഡിലേക്ക് ഞാന്ന് കിടക്കുന്ന പൂമരത്തില്‍ നിന്ന് അരിച്ചിറങ്ങുന്ന ശോണ രശ്മികള്‍ . ഫ്രയിം ഫിക്സ് ചെയ്ത് ഒറ്റ ക്ലിക്ക് .
 
 വേഗം എഴുന്നേറ്റ് കാറിനരുകിലേക്ക് ഓടി . ലാപ് ടോപ്പ് എടുത്ത് നെറ്റ് സെറ്റര്‍ കണക്ട് ചെയ്തു , ഡാറ്റാ കേബിള്‍ വഴി മൊബൈലും . ഫേസ് ബുക്ക് ഓപ്പെണ്‍ ചെയ്ത് ഫോട്ടോ ഫയല്‍ ആഡ് ചെയ്തു .
 
 നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് ഒപ്പി ഫോട്ടോയ്ക്ക് തിടുക്കത്തില്‍ ഒരു കാപ്ഷെന്‍ ഇട്ടു . 
 
ദേശീയ പാതകള്‍ നൊ മാന്‍സ് ലാന്‍ലഡുകള്‍ . ഇവിടെ ഫെലൊഫീലിങ്ങുളള മനുഷ്യരില്ല , തലച്ചോറില്ലാത്ത വാഹനങ്ങള്‍ മാത്രം . സഹായത്തിനായി കേഴുന്ന ഈ ചോര പുരണ്ട കൈ നാളെ നിങ്ങളുടേതാവാം
 
 . വേഗം അപ് ലോഡ് ചെയ്തു . ശ്വാസം കഴിക്കാന്‍ മറന്ന നിമിഷങ്ങള്‍ . നെറ്റിലെ വൈദേശിക ദൈന്യതകള്‍ ഷേര്‍ ചെയ്തു മടുത്തു . നല്ല മലയാള ചന്തമുളള 4 ഇന്‍റു 6 ല്‍ 250 dpi വെടിച്ചില്ല് കളര്‍ ഫോട്ടൊ . ഫൊര്‍ ഗ്രൌണ്ടും ബാഗ്രൌണ്ടും റെഡിഷ് , ചോര , സൂര്യന്‍റെ അരുണിമ . കിടു .
 
 ഈശ്വരാ വര്‍ക്കൌട്ട് ആവണെ . പോസ്റ്റിന്‍റെ ദീര്‍ഘായുസിന് ഉളളുരുകി പ്രാര്‍ത്ഥന . പത്ത് ലൈക്ക് , അഞ്ച് കമെന്‍റ് . ഇനി കത്തി കയറിക്കോളും . താങ്ക് ഗൊഡ് .
 
 മോട്ടലില്‍ തിരികെ എത്തി ഒരു ടിന്‍ ബീര്‍ വരുത്തിച്ച് കുടിച്ച് ഇരുപത് രൂപ ടിപ്പ് കൊടുത്തു . 
 
റോഡില്‍ തടിച്ച് കൂടിയ ആളുകള്‍ . സഹായ ഹസ്തവുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ , തദ്ദേശ വാസികള്‍ . 
 
തിരക്കിനിടയിലൂടെ കാര്‍ ബദ്ധപ്പെട്ട് മുന്നോട്ടെടുത്തു .
 
 അത് ബീച്ച് റോഡിലേക്ക് കടന്നു .

2 comments: