Friday, January 25, 2013

വസന്തം

കൂട്ടുകാര്‍ക്കൊപ്പം സ്കൂളിലേക്ക് നടക്കവെ ആണ് ഒന്‍പതാം ക്ലാസ്സുകാരിക്ക് കടുത്ത വയറ് വേദന വന്നത് . വേദന കലശലായപ്പോള്‍ അവള്‍ കവലയിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നിരുന്നു .

അവള്‍ ഒന്നു പുളഞ്ഞു . ഉളളില്‍ നിന്ന് ചൂടേറിയ എന്തോ ഒന്ന് ആന്തലോടെ പുറത്തേക്കൊഴുകി .
വെളുത്ത ഷെമ്മീസ് നിണമണിഞ്ഞു .

ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നിന്ന് ചില ചെറുപ്പക്കാര്‍ അവളെനോക്കി .
അടുത്ത കടക്കാരന്‍ ഒരു ചായ സമ്മാനിച്ചിട്ട് അവളുടെ കവിളില്‍ നുളളി .

ബസ്സ് കാത്ത് നിന്നിരുന്ന തടിച്ച് തുടുത്ത , മുലക്കച്ചയ്ക്കുളളില്‍ പെഴ്സ് സൂക്ഷിക്കുന്ന , ഒരു സ്ത്രീ അവളുടെ നെഞ്ചില്‍ മൃദുവായി തലോടി ആ നെറുകയില്‍ ഉമ്മ വെച്ചു.
അവള്‍ക്ക് നാണം വന്നു .

ഒരു അപരിചിതന്‍ തന്‍റെ കാറില്‍ അവളെ തിരികെ വീട്ടില്‍ എത്തിച്ചു .
തന്‍റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ അവളുടെ നോട്ട് ബുക്കിനുളളില്‍ വെച്ച് കൊടുത്തു.

അമ്മ അവളെ അടുക്കളയ്പ്പുറത്തെ ചായ്പില്‍ കൊണ്ടിരുത്തി .
വസ്ത്രങ്ങള്‍ മാറ്റിയിടീച്ചു .
പതുക്കെ എല്ലാവരും അതറിഞ്ഞു .
അച്ഛന് മകളെ കാണാന്‍ തിടുക്കം .
അമ്മ വിലക്കി .
എന്നിട്ടും അച്ഛന്‍ അവളെ കണ്ടു ,ചായ്പിന്‍റെ തഴുത് ഇല്ലാത്ത ജനവാതില്‍ അമ്മ കാണാതെ പതിയെ വിടര്‍ത്തി .

അമ്മ അവളെ കുളിപ്പിച്ച് പുതു വസ്ത്രങ്ങള്‍ അണിയിച്ചു .
പച്ച വെളിച്ചെണ്ണയില് ‍ കോഴിമുട്ട പൊട്ടിച്ച് അവളെ കൊണ്ട് കുടിപ്പിച്ചു .

ആരോ അവളോട് ആഗ്രഹം ചോദിച്ചു അവള്‍ ഒരു കണ്ണാടി പറഞ്ഞു .
അവള്‍ അവളെ തന്നെ നോക്കി നാണിക്കാന്‍ പഠിച്ചു കൊണ്ടിരുന്നു .

മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇടയ്ക്കിടെ ചോര പൊടിഞ്ഞു കൊണ്ടിരുന്നു .
അവളെ തേടി എണ്ണ പലഹാരങ്ങള്‍ വന്ന് കൊണ്ടിരുന്നു .
ആങ്ങള ഒരു മൊബൈല്‍ ഫോണ്‍ ആരുമറിയാതെ അവള്‍ക്ക് സമ്മാനിച്ചു . അമ്മാവന്‍ അവളെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ കൊണ്ട് പോകാമെന്ന് വാഗ്ദാനം നല്‍കി .

അമ്മ അവളെ കുളിപ്പിക്കുമ്പോള്‍ ഇളയച്ഛന്‍ അവള്‍ക്കുളള പുത്തന്‍ പാവാടയും ബ്ലൌസുമായി അവിടേക്ക് കടന്നു ചെന്നു .

അവളുടെ അദ്ധ്യാപകന്‍ മധുരപലഹാരങ്ങളുമായി വന്നു .
ഇനി മുതല്‍ പതിവായി ക്ലാസ്സില്‍ വരണമെന്നും തനിക്ക് എപ്പോഴും കാണാന്‍ പാകത്തിന് മുന്‍ ബെഞ്ചില്‍ തന്നെ ഇരിക്കണമെന്നും ഉപദേശിച്ച് മടങ്ങി .

അവള്‍ കണ്ണാടിയില്‍ തന്‍റെ മുഖത്ത് ഏഴ് വര്‍ണ്ണങ്ങള്‍ വിരിയുന്നത് കണ്ടു .

അമ്മ എല്ലാം നോക്കി കണ്ടു .

പത്താം നാള്‍ ചോര പൊടിയുന്നത് നിന്നു .

അമ്മ അവളെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അണിയിച്ചൊരുക്കി .
പൂത്തുലഞ്ഞ പാല മരക്കൊമ്പ് പോലെ സുന്ദരിയായി നില്‍ക്കുന്ന മകളെ ഏറെ നേരം നിറ കണ്ണില്‍ നോക്കി നിന്നു .
ആ കവിളുകളില്‍ മാറി മാറി ഉമ്മ വെച്ചു .
എന്നിട്ട് വിഷം കലര്‍ത്തിയ ചോറ് അവളുടെ വായിലേക്ക് വാത്സല്യത്തോടെ വെച്ച് കൊടുത്തു.

6 comments:


  1. വായനക്കൊടുവില്‍ നെഞ്ചിലേക്ക് ഒരു കത്തി ഇറങ്ങുന്ന പ്രതീതി.

    ReplyDelete
  2. പ്രതീകാത്മകമരണങ്ങള്‍

    ReplyDelete
  3. അമ്മ അവളെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു അണിയിച്ചൊരുക്കി .
    പൂത്തുലഞ്ഞ പാല മരക്കൊമ്പ് പോലെ സുന്ദരിയായി നില്‍ക്കുന്ന മകളെ ഏറെ നേരം നിറ കണ്ണില്‍ നോക്കി നിന്നു .
    ആ കവിളുകളില്‍ മാറി മാറി ഉമ്മ വെച്ചു .
    എന്നിട്ട് വിഷം കലര്‍ത്തിയ ചോറ് അവളുടെ വായിലേക്ക് വാത്സല്യത്തോടെ വെച്ച് കൊടുത്തു......
    വേണ്ടായിരുന്നു ....സങ്കടായി...!

    ReplyDelete